03:03am 21 November 2026
NEWS
പെട്രോളിയം ഡീലർ കമ്മീഷൻ വർധിപ്പിക്കുന്നതിനുള്ള നടപടികൾ രണ്ടാഴ്ചക്കകം ആരംഭിക്കും കേന്ദ്രമന്ത്രി ഹർദീപ്‌സിങ് പുരി
20/11/2026  06:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പെട്രോളിയം ഡീലർ കമ്മീഷൻ വർധിപ്പിക്കുന്നതിനുള്ള നടപടികൾ രണ്ടാഴ്ചക്കകം ആരംഭിക്കും കേന്ദ്രമന്ത്രി ഹർദീപ്‌സിങ് പുരി

കൊച്ചി: പെട്രോളിയം ഡീലർമാരുടെ നിരന്തര ആവശ്യമായിരുന്ന ഡീലർ കമ്മീഷൻ വർധനക്കുള്ള നടപടികൾ രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതവാതക വകുപ്പ്മന്ത്രി ഹർദീപ്‌സിങ് പുരി. പെട്രോളിയം ഡീലർ കമ്മീഷനടക്കം രാജ്യത്തെ പെട്രോളിയം ഡീലർമാർ നേരിടുന്ന വിവിധ  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിളിച്ചു ചേർത്ത ഡീലർ അസോസിയേഷൻ നേതാക്കളുടെ വിപുലമായ യോഗത്തിലാണ് കേന്ദ്രമന്ത്രി ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. 92,000ത്തോളം വരുന്ന പെട്രോളിയം ഡീലർമാർ  രാജ്യത്തിൻറെ നട്ടെല്ലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തടസങ്ങളിലാത്ത ഇന്ധന വിതരണം രാജ്യത്തിൻ്റെ സുസ്ഥിരമായ  വളർച്ചയ്ക്ക് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.2022 ഫെബ്രുവരിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തോടെ ആരംഭിച്ച പെട്രോളിയം രംഗത്തെ മാന്ദ്യം പശ്ചിമേഷ്യൻ സംഘർഷത്തോടെ കൂടുതൽ സങ്കീർണമായെന്ന് മന്ത്രി പറഞ്ഞു. ഈ ഘട്ടത്തിലൊക്കെ ഇന്ത്യയിലെ പെട്രോളിയം ഡീലർ സമൂഹവും എണ്ണക്കമ്പനികളും ഉത്തരവാദിത്തത്തോടെ കൃത്യനിർവഹണം നടത്തി രാജ്യത്തോട് ചേർന്ന് നിന്നു. അവർ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. തുടർന്നാണ് പെട്രോളിയം ഡീലർമാരുടെ നിരന്തര ആവശ്യമായിരുന്ന കമ്മീഷൻ വർധന നടപ്പാക്കാൻ രണ്ടാഴ്ചക്കകം നടപടി ആരംഭിക്കുമെന്നു മന്ത്രി ഉറപ്പ് നൽകിയത്.കേരളത്തിലെ പെട്രോളിയം ഡീലർമാർ നേരിടുന്ന സവിശേഷമായ സ്‌ഥിതിവിശേഷങ്ങൾ യോഗത്തിൽ പങ്കെടുത്ത ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്‌ പ്രസിഡൻറ് ടോമി തോമസ് യോഗത്തിൽ ഉന്നയിച്ചു. എണ്ണകമ്പനികൾ നിർദേശിക്കുന്ന മാർക്കറ്റിങ് ഡിസിപ്ളിൻ മാർഗ്ഗരേഖയിൽ ഗൗരവതരമായ  ഒരു ലംഘനം പോലും കഴിഞ്ഞ 4 വർഷത്തിനിടെ കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടോമി തോമസ് യോഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിലവിലുള്ള ഉയർന്ന വേതനം അനുസരിച്ച് 25,000 രൂപ കൊടുത്താൽ പോലും ക്വാളിറ്റി വർക്കറെ  കിട്ടുന്നില്ല. നിലവിലെ ഡീലർ കമ്മീഷനിൽ 12,500 രൂപ മാത്രമാണ് തൊഴിലാളികളുടെ വേതനമായി കണക്കാക്കിയിരിക്കുന്നത്. ഇത് ആനീതിയാണെന്നും ടോമി തോമസ് പറഞ്ഞു. ഇതിനോട് ക്രിയാത്മകമായി പ്രതികരിച്ച കേന്ദ്രമന്ത്രി ഈ വിഷയങ്ങൾക്ക്  പ്രത്യേക പരിഗണന നൽകണമെന്ന് മന്ത്രാലയ ഉദ്യോഗസ്‌ഥരോടും എണ്ണക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്‌ഥരോടും  ആവശ്യപ്പെട്ടു.കേന്ദ്ര പെട്രോളിയം സെക്രട്ടറി ഡോ.നീരജ് മിത്തൽ, മാർക്കറ്റിങ് ചുമതലയുള്ള ജോ.സെക്രട്ടറി സുജാത ശർമ്മ, ഐഒസി, എച്ച് പി, ബിപിസിഎൽ കമ്പനികളുടെ മാർക്കറ്റിങ് ഡയറക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് എ കെ എഫ് പി ടി പ്രസിഡന്റ് ടോമി തോമസിന് പുറമെ ഡീലേഴ്‌സ് ലീഗൽ സർവീസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ടോം സ്‌കറിയയും യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img